ജംഇയ്യതുല്‍ ഉലമയും വന്ദേമാതരവും
ആഭ്യന്തരശൈഥില്യംകൊണ്ട് പൊറുതിമുട്ടുന്ന ബി.ജെ.പിക്ക് ജനശ്രദ്ധ
തിരിച്ചുവിടാന്‍ വീണുകിട്ടിയ ഒരു ആയുധമായിരുന്നു ജംഇയ്യതുല്‍ ഉലമായെ
ഹിന്ദിന്റെ മുപ്പതാമത് പൊതുസമ്മേളനത്തില്‍ വിഷയമായ 'വന്ദേമാതര' പ്രമേയം.
പ്രമേയം വിഘടന മനോഭാവം പ്രതിഫലിപ്പിക്കുന്നതാണെന്നും അത് പാസാക്കുമ്പോള്‍
സമ്മേളനത്തില്‍ സന്നിഹിതനായിരുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി മൌനം
ദീക്ഷിച്ചത് ആ വിഘടന മനോനിലയെ അനുകൂലിക്കുന്നതിന് തുല്യമാണെന്നുമാണ്
ബി.ജെ.പി നേതാക്കളായ മുരളീമനോഹര്‍ ജോഷിയുടെയും മുഖ്താര്‍ നഖ്വിയുടെയും
ആരോപണം. ഇന്ത്യന്‍ സ്വാതന്ത്യ്രസമരത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന
ജംഇയ്യതിന്റെ ചരിത്രത്തെതന്നെ തമസ്കരിക്കുകയാണ് ബി.ജെ.പി നേതാക്കള്‍
ചെയ്തത്. മൌലാനാ ആസാദ്, മൌലാനാ ഹിഫ്സുര്‍റഹ്മാന്‍ തുടങ്ങിയ
കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കളും ബന്ധം പുലര്‍ത്തിയിരുന്ന സംഘടനയാണ്
ജംഇയ്യതുല്‍ ഉലമ. മൌലാനാ ഹുസൈന്‍ അഹ്മദ് മദനി പ്രസിഡന്റായിരുന്ന ജംഇയ്യത്
മുസ്ലിംലീഗിന്റെ ദ്വിരാഷ്ട്ര സിദ്ധാന്തത്തെ നഖശിഖാന്തം എതിര്‍ത്ത
സംഘടനകൂടിയായിരുന്നു. സൈദ്ധാന്തികമായിത്തന്നെ വിഭജനത്തെ എതിര്‍ത്ത
സംഘടനക്ക് ബി.ജെ.പിയിലെ 'നല്ല സമരിയക്കാരനായ' മുഖ്താര്‍ നഖ്വി 'വിഘടന
മനഃസ്ഥിതി'യുടെ മുദ്രചാര്‍ത്തുമ്പോള്‍ അത് ചരിത്രത്തിന്റെ തമസ്കരണം
മാത്രമല്ല വികലീകരണം കൂടിയാകുന്നു. ഉന്മൂലനത്തിന്റെ ഫാഷിസ്റ്റ്
തന്ത്രങ്ങളിലൊന്നുമാണ് ഇത്തരം വികലീകരണങ്ങള്‍.
വന്ദേമാതരം പാടാന്‍ ആരെയും നിയമം നിര്‍ബന്ധിക്കുന്നില്ലെന്നും
പിന്നെന്തിനാണ് അതിനെതിരെ പ്രതിഷേധിക്കുന്നതെന്നും നഖ്വി ചോദിക്കുമ്പോള്‍
ബി.ജെ.പിയുടെ ഈ 'കാഴ്ചപ്പണ്ടം' ഒന്നിലധികം സത്യങ്ങളാണ് മൂടിവെക്കാന്‍
ശ്രമിക്കുന്നത്. എന്തുകൊണ്ട് ഇങ്ങനെയൊരു പ്രമേയം കൊണ്ടുവരേണ്ടിവന്നു
എന്ന് അതില്‍തന്നെ സംഘടന വിശദീകരിക്കുന്നുണ്ട്. വാസ്തവത്തില്‍ മൂന്നു
വര്‍ഷം മുമ്പ് 2006ല്‍ തന്നെ 'വന്ദേമാതര'ത്തെ സംബന്ധിച്ച നിലപാട്
ജംഇയ്യതിന്റെ മതകലാശാലയായ ദയൂബന്ദ് ദാറുല്‍ ഉലൂം
വ്യക്തമാക്കിയിട്ടുള്ളതാണ്. ബി.ജെ.പി ഭരിക്കുന്ന പല സ്റ്റേറ്റുകളിലും
സ്കൂള്‍ കുട്ടികളുടെമേല്‍ 'വന്ദേമാതരം' നിര്‍ബന്ധമാക്കിയ
പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു പ്രമേയം ആവര്‍ത്തിക്കേണ്ടിവന്നതെന്ന്
അതില്‍തന്നെ വിശദീകരിച്ചതായി കാണാം. സ്വന്തം പാര്‍ട്ടിയുടെ ഈ കുല്‍സിത
നടപടിയും പ്രമേയത്തിലെതന്നെ പശ്ചാത്തല വിശദീകരണവും മറച്ചുവെച്ചാണ്,
വന്ദേമാതരഗീതം പാടാന്‍ ആരും നിര്‍ബന്ധിക്കാത്ത സ്ഥിതിക്ക് എന്തിനാണ്
ഇത്തരമൊരു പ്രമേയമെന്ന് നഖ്വി ചോദിക്കുന്നത്.
വന്ദേമാതര വിഷയകമായ നിലപാടിന്റെ അടിസ്ഥാനത്തില്‍ ആ സംഘടനയുടെ രാജ്യസ്നേഹം
ചോദ്യം ചെയ്യുന്നത് ചരിത്രപരമായ അജ്ഞതയും നെറികേടുമാണ്. നിരപരാധികളുടെ
കൂടി ജീവാപായത്തിനിടയാക്കുന്ന ആത്മഹത്യാ സ്ഫോടനങ്ങളെയും
ഭീകരപ്രവര്‍ത്തനത്തെയും അപലപിക്കുന്ന പ്രമേയവും ദയൂബന്ദ് സമ്മേളനത്തില്‍
പാസാക്കിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെയും ഇതര രാഷ്ട്രീയ പാര്‍ട്ടികളുടെയും
നേതാക്കള്‍ക്കു പുറമെ ബാബ രാംദേവിനെപ്പോലുള്ള സന്യാസിമാരും
സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. ബാബയുടെ പ്രഭാഷണം യോഗയെ
സംബന്ധിച്ചായിരുന്നു. പക്ഷേ, സമ്മേളനത്തിന്റെ ഇത്തരം
ഭാവാത്മകവശങ്ങളിലൊന്നുമായിരുന്നില്ല ബി.ജെ.പിക്ക് താല്‍പര്യം. അത് ആ
പാര്‍ട്ടിയുടെ ജനിതക വൈകല്യമാകാം. ആഭ്യന്തരമന്ത്രി ചിദംബരത്തെ
പ്രതിരോധത്തിലാക്കി യു.പി.എ സര്‍ക്കാറിനും കോണ്‍ഗ്രസിനുമെതിരെ രാഷ്ട്രീയ
മുതലെടുപ്പ് നടത്തുക എന്ന ഗൂഢലക്ഷ്യം കൂടി ബി.ജെ.പിയുടെ
കാടിളക്കലിലുണ്ട്. ചിദംബരവും സല്‍മാന്‍ ഖുര്‍ശിദിനെപ്പോലുള്ള കോണ്‍ഗ്രസ്
വക്താക്കളും ബി.ജെ.പിയുടെ വെട്ടില്‍വീഴാതെയുമല്ല. ജംഇയ്യത് ചെയ്തത് ഒരു
അപരാധമാണെന്നോണം പരാമൃഷ്ട പ്രമേയം പാസാക്കുമ്പോള്‍ താന്‍
സന്നിഹിതനായിരുന്നില്ലെന്നു പറഞ്ഞ് ഒഴിഞ്ഞുമാറാനാണ് ചിദംബരം ശ്രമിച്ചത്.
സല്‍മാന്‍ ഖുര്‍ശിദാകട്ടെ പ്രമേയത്തിന്റെ പേരില്‍ ജംഇയ്യതിനെ
കുറ്റപ്പെടുത്തുകയും ചെയ്തു. വന്ദേമാതരത്തോടുള്ള മുസ്ലിംകളുടെ മതപരമായ
നിലപാടിനെ അതിന്റെ ശരിയായ ചൈതന്യത്തിലെടുത്ത തങ്ങളുടെ നേതാവ് ജവഹര്‍ലാല്‍
നെഹ്റുവിന്റെ പാരമ്പര്യം ഓര്‍ക്കാനൊന്നും അവര്‍ക്ക് നേരവുമുണ്ടായില്ല.
1937ല്‍ നെഹ്റുവിന്റെ അധ്യക്ഷതയില്‍ കൊല്‍ക്കത്തയില്‍ ചേര്‍ന്ന എ.ഐ.സി.സി
സമ്മേളനം 'വന്ദേമാതരത്തിലെ ചില ഭാഗങ്ങളോടുള്ള മുസ്ലിം സുഹൃത്തുക്കളുടെ
വിയോജിപ്പ് അംഗീകരിക്കുന്നതായി' പ്രമേയം പാസാക്കിയതാണ്. ദേശീയ ഗീതമെന്ന
നിലയില്‍ വന്ദേമാതരത്തിലെ പ്രകൃതിവര്‍ണനയുള്‍ക്കൊള്ളുന്ന ആദ്യത്തെ
ഈരടികള്‍ ആലപിച്ചാല്‍ മതിയെന്നും ഈ പ്രമേയത്തില്‍
വ്യക്തമാക്കിയിട്ടുണ്ട്. ബി.ജെ.പി പേടിയില്‍ ആര്‍ജവം നഷ്ടപ്പെട്ട
കോണ്‍ഗ്രസ് നേതാക്കള്‍ തങ്ങളുടെ തന്നെ ചരിത്രമാണ് മറന്നുപോയത്.
മാതൃരാജ്യത്തില്‍ ദൈവസങ്കല്‍പം ചമയ്ക്കുന്നതാണ് വന്ദേമാതര ഗീതത്തോട്
മുമ്പേ മുസ്ലിംകള്‍ വിയോജിപ്പ് പ്രകടിപ്പിച്ചുപോരാന്‍ കാരണം. ഈ
ഗീതത്തിന്റെ നാലാമത്തെ വരിയില്‍ മാതൃഭൂമിയെ അഭിസംബോധന ചെയ്യുന്നത്
ഖഡ്ഗധാരിയായ ദുര്‍ഗാദേവിയും താമരക്കിരീടമണിഞ്ഞ
ലക്ഷ്മീദേവിയുമൊക്കെയായാണ്. ഭാരതമാതാവിന്റെ ഈ ഹിന്ദുദേവതാ സങ്കല്‍പം
മുസ്ലിംകളുടെ ഏകദൈവവിശ്വാസവുമായി പൊരുത്തപ്പെടുന്നതല്ല. ഈ വരികളില്‍
മുഹമ്മദ് നബിയെ പകരംവെക്കുകയാണെങ്കിലും മുസ്ലിംകള്‍ അത്
അംഗീകരിക്കുകയില്ല. മുഹമ്മദ് നബിയോട് സ്നേഹമില്ലാത്തതുകൊണ്ടല്ല അത്.
അതുകൊണ്ടാണ് വന്ദേമാതര പ്രമേയത്തില്‍ 'ഞങ്ങള്‍ മാതൃഭൂമിയെ സ്നേഹിക്കുകയും
ബഹുമാനിക്കുകയും ചെയ്യുന്നു, എന്നാല്‍ ആരാധിക്കുന്നില്ല' എന്ന്
ജംഇയ്യതുല്‍ ഉലമ വ്യക്തമാക്കിയത്. അത് മനസ്സിലാക്കാനുള്ള വിവേകം
ബി.ജെ.പിക്കുണ്ടാവുന്നില്ലെങ്കില്‍ അതില്‍ സഹതപിക്കുകയേ നിവൃത്തിയുള്ളൂ.
ദേശീയഗാനമായ ടാഗോറിന്റെ 'ജനഗണമന' ആലപിക്കുന്നതില്‍ ജംഇയ്യതുല്‍ ഉലമയോ
മറ്റേതെങ്കിലും മുസ്ലിം സംഘടനയോ ഒരു എതിര്‍പ്പും പ്രകടിപ്പിക്കാറില്ലെന്ന
വസ്തുതയും അവഗണിക്കാന്‍ പാടില്ലാത്തതാണ്.
ബങ്കിം ചന്ദ്രചാറ്റര്‍ജിയുടെ നോവലായ 'ആനന്ദമഠ'മാണ് 'വന്ദേമാതര'ത്തിന്റെ
സ്രോതസ്സ്. മുസ്ലിം വംശീയോന്മൂലനത്തെ മഹത്ത്വവത്കരിക്കുന്ന ഭാഗങ്ങള്‍ ഈ
നോവലിലുണ്ട്. വന്ദേമാതരത്തോടുള്ള മനോഭാവം നിര്‍ണയിക്കുന്നതില്‍ അതും ഒരു
ഘടകമായി കാണണം. അന്യമത സ്ത്രീകളുടെമേല്‍ ഏതെങ്കിലും മുസ്ലിം രാജ്യം പര്‍ദ
അടിച്ചേല്‍പിച്ചാല്‍ അത് എത്രത്തോളം ഫാഷിസമാണോ അതുപോലെതന്നെ ഫാഷിസമാണ്
രാജ്യസ്നേഹത്തെ ദുര്‍ഗാപൂജയാക്കി മാറ്റലും. അത് ഭരണഘടന വിഭാവനം ചെയ്യുന്ന
ബഹുസ്വരതക്കും സാംസ്കാരികാവകാശങ്ങള്‍ക്കും വിരുദ്ധമാണ്.
No comments:
Post a Comment