ഗവേഷണം ഉള്‍പ്പെടെ എം.എ., എം.ഫില്‍, പി.എച്ച്.ഡി., അഫ്ദലുല്‍ ഉലമ എന്നീ വിഭാഗങ്ങളിലായി വിദൂരവിദ്യാഭ്യാസം ഉള്‍പ്പെടെ മുന്നൂറ്റമ്പതോളം വിദ്യാര്‍ഥികള്‍ പഠനം നടത്തുന്ന കേരള സര്‍വകലാശാല അറബിക് വിഭാഗത്തില്‍ അധ്യാപകരെ നിയമിക്കുന്നതിനുള്ള കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റിന്റെയും സെനറ്റിന്റെയും നിരന്തരമായ ആവശ്യം മാറിമാറി വരുന്ന ഗവണ്മെന്റുകള്‍ തള്ളിക്കളയുകയാണ്.
2002 ജൂണ്‍ 15 നു കൂടിയ സിന്‍ഡിക്കേറ്റ് മീറ്റിംഗില്‍ യു.ജി.സി. നിഷ്‌കര്‍ഷിക്കുന്ന ടീച്ചിംഗ് സ്റ്റാഫിനെ നിയമിക്കാന്‍ ഗവണ്മെന്റിനോട് ശിപാര്‍ശ ചെയ്തിരുന്നു. അതേത്തുടര്‍ന്ന് 2002 നവംബര്‍ 23 നു അന്നത്തെ രജിസ്ട്രാര്‍ അന്ന് നിലവിലുണ്ടായിരുന്ന ഒരു പ്രോഫസര്‍ക്കു പുറമേ ഒരു റീഡറെയും ആറു ലക്ചറര്‍മാരെയും അടിയന്തിരമായി അറബിക് വിഭാഗത്തില്‍ നിയമിക്കണമെന്ന് സര്‍ക്കാരിലേക്ക് എഴുതുകയുണ്ടായി. അന്ന് ധനകാര്യവകുപ്പിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് നിയമനം നടന്നില്ല.
ഇതേയവസരത്തില്‍ മറ്റുള്ള വിഭാഗങ്ങളില്‍ പോസ്റ്റ് നിര്‍മാണം ഉള്‍പ്പെടെ നിയമനങ്ങള്‍ വരെ നടക്കുകയുണ്ടായി. ഇത് മതന്യൂനപക്ഷങ്ങളോടുള്ള പൂര്‍ണമായ അവഗണന മാത്രമാണ് സൂചിപ്പിക്കുന്നത്. മാത്രമല്ല, ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14 ന്റെയും 21 ന്റെയും നഗ്നമായ ലംഘനവുമാണ്.
ഭരണഘടനയുടെ അനുച്ഛേദം 14 നിയമപരമായ തുല്യതയും തുല്യ പരിരക്ഷയും എല്ലാ മതവിഭാഗങ്ങള്‍ക്കും പൗരന്മാര്‍ക്കും ഉബോല്‍ബലകമായി വകുപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും വിഭാവനം ചെയ്യുമ്പോള്‍ സര്‍വകലാശാലയിലെ സ്വന്തം നിലനില്പുതന്നെ ഒരു ചോദ്യചിഹ്നമായി മാറിയിരിക്കുന്ന അറബിക് വിഭാഗത്തിനെതിരെയുള്ള ഇത്തരം നീക്കം എന്തടിസ്ഥാനത്തിലാണെന്ന് ചിന്തനീയമാണ്. ഭരണഘടനയുടെ തുടര്‍ന്നുള്ള അനുച്ഛേദങ്ങളില്‍ മതന്യൂനപക്ഷങ്ങള്‍ക്ക് നിലവിലുള്ള നിയമങ്ങള്‍ക്കതീതമായി പ്രത്യേക സൗകര്യങ്ങളും സ്ഥാപനങ്ങളും സര്‍ക്കാരിന് അനുവദിക്കാമെന്നിരിക്കെ കഴിഞ്ഞ അഞ്ചുവര്‍ഷക്കാലവും മുടന്തന്‍ ന്യായങ്ങളുടെ പേരില്‍ മാത്രം അറബിക്‌വിഭാഗത്തില്‍ നിന്നുള്ള നിവേദനങ്ങള്‍ക്ക് മുമ്പില്‍ അക്ഷന്തവ്യമായ അധികാരികളുടെ ഭാഗത്തുനിന്നുള്ള നിലപാടുകള്‍ കൃത്യവിലോപമാണെന്ന് പറയാതെ വയ്യ.
നിലവിലുള്ള രണ്ടു പ്രൊഫസര്‍മാരും അടുത്തവര്‍ഷം ഒരേദിവസം പെന്‍ഷനാകുന്ന സാഹചര്യത്തില്‍ അറബിക് വിഭാഗത്തില്‍ അടിയന്തിരമായി അധ്യാപകരെ നിയമിക്കണമെന്നുള്ള സര്‍വകലാശാലയുടെ ആവശ്യം വീണ്ടും ധനകാര്യവകുപ്പിന്റെ പിടിപ്പുകേടുമൂലം ഭരണസിരാകേന്ദ്രത്തിന്റെ ഏതോ പിന്നാമ്പുറങ്ങളില്‍ ചുവപ്പുനാടയില്‍ കുടുങ്ങി കിടക്കുകയാണ്. ഈയവസരത്തില്‍ ഇവിടെ പഠനം നടത്തുന്ന മുന്നൂറ്റമ്പതോളം വിദ്യാര്‍ഥികളുടെ ഭാവി തുലാസിലാവുകയും തുടര്‍ന്നു വരുന്ന പുത്തന്‍തലമുറയ്ക്ക് അറബിക് പഠനത്തിനുള്ള മൗലികമായ അവകാശം കൂടി നിഷേധിക്കപ്പെടുകയാണ് ചെയ്യുന്നത്.
മതന്യൂനപക്ഷങ്ങള്‍ വസിക്കുന്ന ലക്ഷദ്വീപ് ഉള്‍പ്പെടെ വടക്കന്‍ ജില്ലകളില്‍ നിന്നെല്ലാം നിരവധി വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിനായി ഈ വിഭാഗത്തെ ആശ്രയിക്കുന്നത്. മത-വര്‍ഗ-വര്‍ണ വിവേചനങ്ങള്‍ക്കതീതമായി ഗള്‍ഫ്‌നാടുകളില്‍ കഴിയുന്ന നിരവധി മലയാളികള്‍ക്കും മറ്റുള്ളവര്‍ക്കും ഈ വിഭാഗത്തിന്റെ സേവനം വളരെ വലുതാണ്. വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍, കോടതിസംബന്ധമായ രേഖകള്‍, വിസകള്‍, ലൈസന്‍സുകള്‍, മുതലായ മറ്റു സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ വിവര്‍ത്തനം ചെയ്യുന്നതിലേക്കായി ദിവസവും നിരവധിയാളുകളുടെ ആശാകേന്ദ്രവും അഭയ സ്ഥാനവുമാണ് ഇത്. എന്നു മാത്രമല്ല മറ്റുള്ള സ്ഥലങ്ങളില്‍നിന്നുള്ള വിവര്‍ത്തനങ്ങള്‍ നോര്‍ക്ക പോലുള്ള ഒഫിഷ്യല്‍ കേന്ദ്രങ്ങള്‍ സ്വീകരിക്കുന്നതുമല്ല.
വിവിധ മതസ്ഥാപനങ്ങളുടെയും സന്നദ്ധസംഘടനകളുടെയും നിര്‍ലോഭമായ സഹകരണങ്ങള്‍ കൊണ്ടാണ് കേരള സര്‍വകലാശാല അറബിക് വിഭാഗം ഇന്ന് കാണുന്ന സമുന്നതമായ നിലവാരത്തിലേക്ക് എത്തിയത്.
സെക്രട്ടേറിയറ്റിലെ ധനകാര്യവകുപ്പിലെ ബന്ധപ്പെട്ട അധികാരികളുടെ തത്വത്തില്‍ പൂര്‍ണമായ നിഷേധാത്മക നിലപാടുമൂലം വകുപ്പില്‍ ഇന്ന് കാണുന്ന അന്തര്‍ദേശീയ നിലവാരമുള്ള സൗകര്യങ്ങള്‍ ഒക്കെത്തന്നെയും നിമിഷാര്‍ധം കൊണ്ട് തച്ചുടയ്ക്കുകയോ കൈവിട്ടു പോവുകയോ ചെയ്യപ്പെടുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഇവിടെ പഠിച്ചിറങ്ങുന്ന ഭൂരിഭാഗം പേരും ജീവിതമാര്‍ഗം തേടി വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നതുകൊണ്ടുതന്നെ ഇവരൊന്നും ഭാവിയില്‍ ഗവണ്മെന്റിനു ബാധ്യതയാകുന്നുമില്ല. ഇക്കാര്യങ്ങളൊക്കെ ആരാലും ചൂണ്ടിക്കാണിക്കപ്പെടാതെ തന്നെ അറിവുള്ള അധികാരികള്‍ വകുപ്പില്‍നിന്നുള്ള നിവേദനങ്ങള്‍ക്കു മുമ്പില്‍ ഉറക്കം നടിക്കുന്നത് വളരെ വിചിത്രമാണ്.
അവശരുടെയും ആലംബഹീനരുടെയും ഉന്നമനത്തെക്കുറിച്ച് അഹോരാത്രം തെരുവുനാടകം കളിക്കുന്നവര്‍ അറബിക് വിഭാഗത്തിന്റെ ന്യായമായ ആവശ്യങ്ങള്‍ ശരിയല്ലെന്ന് മാത്രമല്ല പൗരബോധമുള്ള ഏതൊരു വ്യക്തിയും ചോദ്യം ചെയ്യേണ്ടതുമാണ്. ഇതു സംബന്ധിച്ച അടിയന്തിര ഫയല്‍ വകുപ്പുമന്ത്രിയുടെ ഓഫീസിലെ ഉപചാപകവൃന്ദങ്ങളുടെ സമ്മര്‍ദങ്ങള്‍ മൂലം ധനകാര്യവകുപ്പിന്റെ പിന്നാമ്പുറങ്ങളില്‍ എവിടെയോ പൂഴ്ത്തപ്പെട്ടിരിക്കുകയാണ്. ഇതുതന്നെയാണ് എപ്പോഴും മാന്യ ധനകാര്യമന്ത്രിയുടെ ന്യൂനപക്ഷങ്ങളോടുള്ള നിലപാടെന്ന് വ്യക്തമാക്കിയാല്‍ കൊള്ളാം.
പാവപ്പെട്ടവന്റെ ആശാകേന്ദ്രവും ആശ്രയകേന്ദ്രവുമായ അറബിക് വിഭാഗം എങ്ങനെ തുലഞ്ഞാലും വേണ്ടില്ല എന്ന സമീപനം സ്വീകരിക്കുമ്പോഴും വരേണ്യവര്‍ഗത്തിന്റെ സന്താനങ്ങള്‍ നക്ഷത്ര നിലവാരമുള്ള വിദേശത്തെയും സ്വദേശത്തെയും സ്ഥാപനങ്ങളില്‍ ശീതീകരിച്ച മുറികളില്‍ വിദ്യ അഭ്യസിക്കുന്നു എന്ന വാസ്തവം ഇന്നാട്ടിലെ പാവപ്പെട്ടവര്‍ മനസിലാക്കുന്നു എന്ന സത്യം ധനകാര്യ നിപുണന്മാരും മനസിലാക്കിയാല്‍ നന്ന്.
രാജ്യത്തെ പ്രസിദ്ധമായ ജെ.എന്‍.യു, അലീഗഡ്, ദല്‍ഹി സര്‍വകലാശാലകളില്‍ അഖിലേന്ത്യാടിസ്ഥാനത്തില്‍ നടത്തുന്ന മത്സര പരീക്ഷയും ഇന്റര്‍വ്യൂവും വിജയിച്ച്, എംഫിലും പി.എച്ച്.ഡിയും കരസ്ഥമാക്കിയ നാലുപേര്‍, സ്ഥിരാധ്യാപകരുടെ ശമ്പളത്തിന്റെ പത്തിലൊരുഭാഗം പോലും ലഭിക്കാതെ കേവലം 8000 രൂപ സീലിങ്ങില്‍ - ഗവേഷണവിദ്യാര്‍ഥികള്‍ക്ക് യു.ജി.സി. നല്‍കുന്ന ഫെലോഷിപ്പിന്റെ മൂന്നിലൊന്നു തുകയില്‍ - ഗസ്റ്റ് അധ്യാപകരായി ജോലിചെയ്യുന്നവര്‍ എപ്പോള്‍ വേണമെങ്കിലും ജോലി ഉപേക്ഷിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.
അമേരിക്കയിലെ പ്രസിദ്ധമായ മോഡേണ്‍ ലാംഗ്വേജ് അസോസിയേഷന്റെ പഠന റിപ്പോര്‍ട്ട് പ്രകാരം (2006 മുതല്‍ 2009 വരെയുള്ള) നിലവിലെ നവലിബറല്‍ ലോകക്രമത്തില്‍, യൂറേഷ്യന്‍ ഭാഷകളില്‍ ഏറ്റവും വേഗത്തില്‍ (46% വളര്‍ച്ചാനിരക്ക്) വളര്‍ന്നുകൊണ്ടിരിക്കുന്നത്. മുസ്‌ലിം ക്രൈസ്തവ ജൂത വിഭാഗത്തിന്റെ മാതൃഭാഷയായ അറബിയാണ്. വിദേശരാജ്യങ്ങളിലെ അനന്തമായ ഉദ്യോഗ സാധ്യതയ്ക്കു പുറമെ, കേരളത്തില്‍ മാത്രം തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലുള്ള ദേശീയവും വൈദേശികവുമായ 185 സ്ഥാപനങ്ങളില്‍ മിക്കതിലും, ഇടതുപക്ഷ സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കിയ കൊച്ചിയിലെ സ്മാര്‍ട്ട്‌സിറ്റിയിലും മംഗലാപുരത്തെ ടെക്‌നോസിറ്റിയിലുമായി എണ്ണമറ്റ അവസരങ്ങളാണ് വരാനിരിക്കുന്നത്. കഴിവുറ്റ ദ്വിഭാഷികളെയും വ്യാഖ്യാതാക്കളെയും വാര്‍ത്തെടുക്കാന്‍ പ്രാഗത്ഭ്യമുള്ള അധ്യാപകരെ സ്ഥിരമായി നിയമിച്ചെങ്കില്‍ മാത്രമേ അതിന് സാധിക്കുകയുള്ളൂ.
ഇത്തരത്തില്‍ വളര്‍ന്നുവരുന്ന നിരവധി തൊഴിലവസരങ്ങള്‍ കേരളത്തിലെ ഭാഷാ സാഹിത്യസ്‌നേഹികള്‍ക്ക് നഷ്ടപെടാന്‍ ഉതകുന്ന പ്രവര്‍ത്തനങ്ങളില്‍നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നാണ് ന്യൂനപക്ഷങ്ങളുടെ അഭ്യര്‍ഥന.
No comments:
Post a Comment