സി.പി.എം.തന്‍പ്രമാണിത്തം തിരിച്ചടിയായി -ബര്‍ദന്‍
ഇടതുമുന്നണിക്ക് കേരളത്തിലും ബംഗാളിലും ഐക്യത്തോടെ
പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല
പരാജയത്തില്‍നിന്ന് പാഠം പഠിക്കാന്‍
സി.പി.എം. തയ്യാറാവണം
ന്യൂഡല്‍ഹി: സി.പി.എമ്മിന്റെ തന്‍പ്രമാണിത്തവും അവര്‍ കൈക്കൊണ്ട ഏകപക്ഷീയ നടപടികളും കമ്യൂണിസ്റ്റുവിരുദ്ധ സമീപനങ്ങളും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് സി.പി.ഐ. ജനറല്‍ സെക്രട്ടറി എ.ബി. ബര്‍ദന്‍ പറഞ്ഞു. കേരളത്തിലും ബംഗാളിലും ഇടതുപക്ഷത്തിന്റെ പരാജയത്തിന് വഴിയൊരുക്കിയത് ഈ സമീപനങ്ങളാണെന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പുഫലം അവലോകനം ചെയ്യാന്‍ ചേര്‍ന്ന സി.പി.ഐ. ദേശീയ കൗണ്‍സില്‍ യോഗത്തിന്റെ തീരുമാനങ്ങള്‍ വിശദീകരിക്കവെ ബര്‍ദന്‍ അഭിപ്രായപ്പെട്ടു.
ചിലരുടെ വലിയേട്ടന്‍ മനോഭാവവും മുന്നണിയുടെ തകര്‍ച്ചയ്‌ക്ക് വഴിയൊരുക്കി. ഇത്തരക്കാരുടെ ഭാഗത്തുനിന്ന് ജനങ്ങള്‍ അംഗീകരിക്കാത്ത സമീപനങ്ങളും ഉണ്ടായി. തിരഞ്ഞെടുപ്പുപരാജയത്തില്‍നിന്ന് പാഠം പഠിക്കാന്‍ സി.പി.എം. തയ്യാറാവണം. തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് കേരളത്തിലും ബംഗാളിലും ഐക്യത്തോടെയും ഫലപ്രദമായും പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല. ഇടതുമുന്നണിയിലെ ഏറ്റവും വലിയ കക്ഷി സി.പി.എമ്മാണ്. അതിനാല്‍ മുന്നണിയുടെ ഐക്യം നിലനിര്‍ത്തുന്നതില്‍ കൂടുതല്‍ ഉത്തരവാദിത്വം സി.പി.എമ്മിനുതന്നെയാണ്. സി.പി.എമ്മിന്റെ ഭാഗത്തുനിന്നുണ്ടാവുന്ന ഇത്തരം സമീപനങ്ങള്‍ പലവട്ടം തങ്ങള്‍ ചൂണ്ടിക്കാട്ടിയതാണ്- ബര്‍ദന്‍ പറഞ്ഞു.
കേരളത്തിലെ സി.പി.എമ്മില്‍ നിലനില്‍ക്കുന്ന സംഘടനാപ്രശ്‌നങ്ങള്‍ അതിഗൗരവമുള്ളതു തന്നെയാണെന്നാണ്‌സി.പി.ഐ. വിലയിരുത്തുന്നത്.
ഇക്കാര്യം ആ പാര്‍ട്ടിയുടെ ആഭ്യന്തരപ്രശ്‌നമാണ്. പ്രശ്‌നം പരിഹരിക്കാന്‍ സി.പി.എമ്മിന്റെ ഉന്നതതല സമിതികള്‍ ശ്രമിക്കേണ്ടതാണ്. ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാന്‍ കഴിയുംവിധമുള്ള തീരുമാനം അവരുടെ ഭാഗത്തുനിന്ന് ഉണ്ടാവുമെന്നാണ് പ്രതീക്ഷ. ഇരുപക്ഷത്തുമുള്ളത് ഉന്നതതല നേതാക്കളാണ് എന്നുള്ളത് കാര്യത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു- ബര്‍ദന്‍ പറഞ്ഞു.
കേരളത്തിലെ മുഖ്യമന്ത്രിയെ മാറ്റുമോ എന്നത് സാങ്കല്‌പികചോദ്യമാണ്. അക്കാര്യത്തില്‍ സി.പി.ഐ. ഇപ്പോള്‍ അഭിപ്രായം പറയാന്‍ ആഗ്രഹിക്കുന്നില്ല. വേണ്ട സമയത്ത് ഈ പ്രശ്‌നത്തില്‍ ഞങ്ങള്‍ അഭിപ്രായം പറയും -ബര്‍ദന്‍ വ്യക്തമാക്കി.
ജനങ്ങള്‍ക്കുമേല്‍ കനത്ത നികുതിഭാരം അടിച്ചേല്‌പിക്കുന്നതാണ് കേന്ദ്ര ബജറ്റെന്ന് ബര്‍ദന്‍ വിലയിരുത്തി. അധികവരുമാനത്തിന് പ്രത്യക്ഷ നികുതികള്‍ ഈടാക്കുന്നതിനുപകരം കോര്‍പ്പറേറ്റുകള്‍ക്ക് വന്‍ സൗജന്യമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പരോക്ഷനികുതിയില്‍ ഏര്‍പ്പെടുത്തിയ വന്‍ വര്‍ധന സാധാരണക്കാരെ ബാധിക്കും. അതേസമയം, ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലെ കുറഞ്ഞകൂലി നൂറ് രൂപയായി നിശ്ചയിച്ചതും പാവപ്പെട്ടവര്‍ക്ക് മൂന്ന് രൂപ നിരക്കില്‍ പ്രതിമാസം 25 കിലോ ഭക്ഷ്യധാന്യം അനുവദിച്ചതുമുള്‍പ്പെടെയുള്ള ബജറ്റ് നിര്‍ദേശത്തെ സി.പി.ഐ. സ്വാഗതം ചെയ്യുന്നു- അദ്ദേഹം പറഞ്ഞു.
ജാര്‍ഖണ്ഡ് നിയമസഭ പിരിച്ചുവിട്ട് പുതിയ തിരഞ്ഞെടുപ്പ് നടത്തണമെന്നും സി.പി.ഐ. ദേശീയ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടതായി ബര്‍ദന്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ എസ്. സുധാകര്‍ റെഡ്‌ഡി, ഡി. രാജ എന്നിവരും പങ്കെടുത്തു.
No comments:
Post a Comment