തോല്‍വിക്കുകാരണം പി.ഡി.പി. ബന്ധവും ലാവലിനുമെന്ന് പ്രഭാത് പട്‌നായിക്
തിരുവനന്തപുരം: കേരളത്തില്‍ ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പുതോല്‍വിക്ക് ആക്കം കൂട്ടിയത് പി. ഡി. പി ബന്ധവും എസ്. എന്‍. സി ലാവലിന്‍ കേസ്സുമാണെന്ന് സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ പ്രഭാത് പട്‌നായിക്. ഇന്റര്‍നാഷണല്‍ ഡവലപ്‌മെന്റ് എക്കണോമിക്‌സ് അസോസിയേറ്റ്‌സിന്റെ വെബ്ബ് സൈറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് പ്രഭാത് പട്‌നായിക് ഇക്കാര്യം സൂചിപ്പിക്കുന്നത്. അതോടൊപ്പം, ബംഗാളിലെ ഇടതുമുന്നണിയുടെ പരാജയത്തിന് കാരണം, കൃഷിഭൂമി പിടിച്ചെടുത്തുകൊണ്ടുള്ള വികസനനയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. 'ഇടതിനെക്കുറിച്ചുള്ള ചിന്തകള്‍' എന്ന ലേഖനത്തില്‍, കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനേറ്റ പരാജയത്തിന് ആശയപരമായ കാരണങ്ങള്‍ കണ്ടെത്തുകയാണ് ഇടതുബുദ്ധിജീവിയായ പ്രഭാത് പട്‌നായിക്.യു.പി.എക്കുള്ള പിന്തുണ പിന്‍വലിച്ചത് കാരണം ഇടത്തരക്കാരുടെ പിന്തുണ നഷ്ടപ്പെട്ടുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇടതിന്റെ സാമ്രാജ്യത്വ വിരുദ്ധ നിലപാടുകാരണം പിന്തുണ പിന്‍വലിക്കല്‍ ഒഴിവാക്കാനാവാത്തതാണെന്നും പ്രഭാത് പട്‌നായിക് ചൂണ്ടിക്കാട്ടുന്നു. കേരളത്തില്‍, ഈ അകല്‍ച്ചക്ക് ആക്കം കൂട്ടിയത് പി. ഡി. പി ബന്ധവും എസ്. എന്‍. സി ലാവലിന്‍ ഇടപാടുമാണെന്ന് പ്രഭാത്‌പട്‌നായിക് പറയുന്നു. പി. ഡി. പിയുമായുള്ള ഇടതിന്റെ ബന്ധം മതേതര വോട്ടര്‍മാര്‍ക്ക് അംഗീകരിക്കാന്‍ കഴിയുമായിരുന്നില്ല. എസ്. എന്‍. സി ലാവലിന്‍ ഇടപാടുമായി ബന്ധപ്പെട്ട് ഇടതുപക്ഷം സ്വീകരിച്ച നിലപാട് ഒട്ടും വിശ്വാസ്യതയില്ലാത്തതായിരുന്നുവെന്നും പ്രഭാത് പട്‌നായിക് കുറ്റപ്പെടുത്തുന്നു. പശ്ചിമബംഗാളില്‍ ഇടതുപക്ഷ സര്‍ക്കാര്‍ പിന്തുടര്‍ന്നത്, മറ്റ് സംസ്ഥാനങ്ങള്‍ സ്വീകരിച്ച നവലിബറല്‍ വികസന പാതയാണെന്ന് പ്രഭാത് പട്‌നായിക് ചൂണ്ടിക്കാട്ടി. ഈ വികസന നയത്തോടൊപ്പം 'മൂലധനത്തിന്റെ പ്രാകൃതമായ വര്‍ദ്ധനയും' കൂടിയുണ്ടായി. ഈ വര്‍ദ്ധനയുണ്ടായത്, കൃഷിഭൂമി പിടിച്ചെടുക്കലില്‍ കൂടിയായിരുന്നു. ഈ നയം, പിന്നീട് മാറ്റിയെങ്കിലും, അടിസ്ഥാനവര്‍ഗത്തിന്റെ ഭാഗത്തുനിന്നുള്ള ആഘാതം വലുതായിരുന്നു. ഇടതുപക്ഷത്തിന്റെ വര്‍ഗ അടിത്തറ ഒലിച്ചു പോകുന്നതിന് ഇത് വഴിയൊരുക്കിയെന്ന് അദ്ദേഹം വിലയിരുത്തുന്നു. ഇടതിന് നഗരങ്ങളിലെ ഇടത്തരക്കാരുടെ മാത്രമല്ല, കൃഷിക്കാരുടെയും ഗ്രാമങ്ങളിലെ പാവപ്പെട്ടവരുടെയും വോട്ടുകള്‍ നഷ്ടപ്പെടുകയാണുണ്ടായത്. നഗരങ്ങളിലെ ഇടത്തരക്കാര്‍, യു. പി. എയില്‍ നിന്നകന്ന് നിന്നുള്ള, ഇടതിന്റെ സാമ്രാജ്യത്വ വിരുദ്ധതയെ അനുകൂലിച്ചില്ല. ഗ്രാമങ്ങളില്‍, ഇടതുപക്ഷത്തിന്റെ സാമ്രാജ്യത്വ വിരുദ്ധത പോരാത്തതാണ് കാരണമായത്. നവലിബറല്‍മാര്‍ഗത്തില്‍ നിന്നു മാറി ഒരു ബദല്‍ വികസന സമീപനം രൂപപ്പെടുത്താതെ, സാമ്രാജ്യത്വത്തിനെതിരെയുള്ള പ്രതിരോധം തുടരാന്‍ കഴിയില്ലെന്ന് പ്രഭാത് പട്‌നായിക് ചൂണ്ടിക്കാട്ടുന്നു. നിക്ഷേപം കൊണ്ടുവരുന്നതിന് മുതലാളിക്ക് സബ്‌സിഡികളും മറ്റും വാഗ്‌ദാനം ചെയ്യുന്ന തരത്തിലുള്ള വികസന നയവും അതുവഴി, തൊഴിലാളികളുടെ വേതനം കുറയ്‌ക്കുകയും അവകാശങ്ങള്‍ ഇല്ലാതാക്കുകയും സുരക്ഷ നഷ്ടപ്പെടുത്തുകയും ചെയ്യുന്നതും ഇടതിന്റെ അജണ്ടയാകാന്‍ പാടില്ല-അദ്ദേഹം പറഞ്ഞു. |
No comments:
Post a Comment