Wednesday, July 8, 2009

Aara Ee Keedam?

പാര്‍ട്ടി ശുദ്ധീകരിക്കുമ്പോള്‍ ചില 'കീട'ങ്ങള്‍ പുറത്തുപോകും:ജയരാജന്‍

തിരുവനന്തപുരം: പാര്‍ട്ടി ശുദ്ധീകരിക്കുമ്പോള്‍ ചില കീടങ്ങള്‍ തെറിച്ചുപോകുമെന്ന്‌ സിപിഎം നേതാവ്‌ പി. ജയരാജന്‍ എം.എല്‍.എ.ആ കീടങ്ങള്‍ ഏതൊക്കെയെന്ന്‌ ജയരാജന്‍ വ്യക്തമാക്കിയില്ലെങ്കിലും ആനുകാലിക രാഷട്രീയ സാഹചര്യങ്ങളില്‍ വി.എസ്‌ അച്യുതാനന്ദന്‍ നേതൃത്വം നല്‍കുന്ന ഗ്രൂപ്പിലെ പ്രമുഖരെത്തന്നെയാണ്‌ അദ്ദേഹം ഉദ്ദേശിച്ചതെന്ന്‌ നിയമസഭയില്‍ ജയരാജന്‍ ഇതു പറയുമ്പോള്‍ കേട്ടിരുന്ന ആര്‍ക്കും സംശയമുണ്ടായിരുന്നില്ല.ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ സംസാരിക്കുമ്പോഴായിരുന്നു ജയരാജന്റെ 'കീട' പ്രയോഗം. വി.എസ്‌. അച്യുതാനന്ദനെയാണ്‌ കീടമെന്നു വിശേഷിപ്പിച്ചതെന്നും ഇത്‌ അപമാനകരമാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ തുറന്നടിക്കുകയും ചെയ്തു.

താന്‍ വിഎസിന്റെ പേരു പറഞ്ഞിട്ടില്ലെന്നായിരുന്നു ജയരാജന്റെ പ്രതികരണം. മുഖ്യമന്ത്രി തല്‍സമയം സഭയില്‍ ഇല്ലായിരുന്നു. ഇരുമ്പ്‌ ശുദ്ധീകരിക്കുന്നത്‌ കൊല്ലന്റെ ആലയിലെ ഉലയില്‍ ചുട്ടുപഴുപ്പിച്ച കൂടംകൊണ്ട്‌ അടിച്ചാണ്‌. കൂടം മുട്ടുമ്പോള്‍ കീടം തെറിക്കുമെന്നൊരു ചൊല്ലുണ്ട്‌. കീടമെന്നാല്‍ തുരുമ്പാണ്‌. പാര്‍ട്ടിയില്‍ ശുദ്ധീകരണം നടക്കുമ്പോള്‍ ചില കീടങ്ങള്‍ തെറിക്കും. ആ തുരുമ്പുകള്‍കൊണ്ട്‌ ആയുധമുണ്ടാക്കാന്‍ ശ്രമിച്ചാല്‍ അതു ഫലിക്കില്ല-ജയരാജന്‍ വിശദീകരിച്ചു.പിണറായിയെ അനുകരിച്ച്‌ മാധ്യമ സിന്റിക്കേറ്റിനെതിരെയും ആക്ഷേപശരമെയ്യാന്‍ ജയരാജന്‍ മടിച്ചില്ല. മാധ്യമങ്ങള്‍ നടത്തുന്ന ശ്രമം കൊണ്ടൊന്നും കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം തകരില്ലെന്ന്‌ അദ്ദേഹം മുന്നറിയിപ്പു നല്‍കി.
ഏതെങ്കിലും പത്രം എന്തെങ്കിലുമെഴുതിയാല്‍ പാര്‍ട്ടി തകര്‍ന്നുപോകില്ല. പ്രസ്ഥാനത്തെ ജീവനെക്കാള്‍ സ്നേഹിക്കുന്ന ഒരുപാട്‌ പേരുണ്ട്‌. ഈ പ്രസ്ഥാനം വളര്‍ന്നത്‌ പോരാട്ടങ്ങളിലൂടെയാണെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

No comments:

Post a Comment