മുഖ്യനാകാന്‍ കോടിയേരി; സെക്രട്ടറിയാകാന്‍ ബേബി
രവിശങ്കരന്‍
മൂന്നാം മുന്നണി എന്നത് ഒരു യാഥാര്‍ത്ഥ്യമാക്കി മാറ്റാനോ അതിനു ചുക്കാന്‍ പിടിക്കാനോ സി പി എമ്മിനു കഴിഞ്ഞില്ല. എന്നാല്‍ ഒരു മൂന്നാം ഗ്രൂപ്പ് സംസ്ഥാനത്തെ സി പി എമ്മിനുള്ളില്‍ ശക്തമായി വരുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാനാകുന്നത്. ഭരണം പിടിക്കാനും പാര്‍ട്ടി പിടിക്കാനുമായി മൂന്നാം ഗ്രൂപ്പ് ബലമുള്ള അടിത്തറ സ്ഥാപിച്ചു കഴിഞ്ഞു. ഭരണതലത്തിലെ ഒന്നാമനായി മാറാന്‍ എന്തുകൊണ്ടും യോഗ്യനാണ് താന്‍ എന്ന അണുവിട സംശയമില്ലാത്ത പ്രഖ്യാപനമാണ് ഗവര്‍ണര്‍ക്കെതിരെയുള്ള ആരോപണത്തിലൂടെ ആഭ്യന്തരമന്ത്രി നടത്തിയിരിക്കുന്നത്.
കോടിയേരി ബാലകൃഷ്ണനും എം എ ബേബിയും നേതൃത്വം നല്‍കുന്ന മൂന്നാം ഗ്രൂപ്പ് പിണറായി വിജയനെയും വി എസ് അച്യുതാനന്ദനെയും ഒരുപോലെ അപ്രസക്തരാക്കി മാറ്റാനുള്ള നീക്കങ്ങള്‍ നടത്തുന്നതായുള്ള സൂചനങ്ങള്‍ വളരെ മുമ്പേ തന്നെ ലഭിച്ചുകഴിഞ്ഞതാണ്. പൊളിറ്റ്ബ്യൂറോയിലെ ഒരു വിഭാഗത്തിന്‍റെ ശക്തമായ പിന്തുണ ഈ നീക്കത്തിനുണ്ട്. പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ളയും കേന്ദ്ര കമ്മിറ്റിയംഗം എ വിജയരാഘവനുമാണ് മൂന്നാം ഗ്രൂപ്പിനെ പിന്തുണച്ച് രംഗത്തുള്ളത്.
പിണറായി വിജയന് സെക്രട്ടറി സ്ഥാനം ഒഴിയേണ്ടി വന്നാല്‍ എ വിജയരാഘവനെയോ ബേബിയെയോ ആ സ്ഥാനത്തേക്ക് ഉയര്‍ത്തിക്കൊണ്ടുവരാനാണ് എസ് ആര്‍ പിയും കോടിയേരിയും ശ്രമിക്കുന്നത്. എസ് ആര്‍ പിക്ക് വിജയരാഘവനോടാണ് താല്‍പര്യമെങ്കിലും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന അംഗം എന്ന നിലയില്‍ ബേബിക്കാണ് സാധ്യത കൂടുതല്‍.
മുഖ്യമന്ത്രിയെ മാറ്റണമെന്ന ശക്തമായ ആവശ്യം ഔദ്യോഗികപക്ഷം അടുത്ത പൊളിറ്റ്ബ്യൂറോ യോഗത്തില്‍ ഉന്നയിക്കുമെന്ന് ഉറപ്പാണ്. മുഖ്യമന്ത്രിക്കെതിരെയുള്ള അസംഖ്യം പരാതികളും അദ്ദേഹത്തിന്‍റെ പാര്‍ട്ടിവിരുദ്ധനിലപാടുകള്‍ വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകളും ഔദ്യോഗിക പക്ഷം പൊളിറ്റ്ബ്യൂറോയില്‍ അവതരിപ്പിക്കും. എന്നാല്‍ ലാവ്‌ലിന്‍ കേസില്‍ പ്രോസിക്യൂഷന് വിധേയനാകേണ്ടി വരുന്ന സാഹചര്യത്തില്‍ പിണറായി വിജയന്‍ സെക്രട്ടറിസ്ഥാനം ഒഴിയണമെന്ന നിലപാട് വി എസും ആവര്‍ത്തിക്കും. ദേശീയതലത്തില്‍ ലാവ്‌ലിന്‍ കേസ് പാര്‍ട്ടിക്ക് കളങ്കമുണ്ടാക്കിയെന്നും വി എസ് അറിയിക്കും.
No comments:
Post a Comment